2014, ഏപ്രിൽ 27, ഞായറാഴ്‌ച

ബാല്യകാല ഓർമ്മകൾ !!

ഇടശ്ശേരിയിലെ ബാല്യം എനിക്കൊരു തടവറയായിരുന്നു ,
ഇടശ്ശേരിയിലെ വീട്ടിലും വളപ്പിലും മാത്രം കളിച്ചുല്ലസിക്കാൻ അനുമതി.
വീടിനോട് തൊട്ടടുത്തുള്ള കനാലിൽ നിറയെ വെള്ളമുണ്ടാകും ,എല്ലാവരും അവിടെ പോയികുളിക്കും ,ചൂണ്ടയുമായി മീനിനെ പിടിക്കും ,
നീർകോലികളെ കല്ലെറിയും .കനാലിനോട് ചേർന്നുള്ള പാടത്ത് പോയി ഞെണ്ടിനെ പിടിച്ചു,തെങ്ങോലയുടെ നാരുകൊണ്ട് അതിന്റെ കാലിൽ കെട്ടി എനിക്ക് കളിക്കാൻ കൊണ്ട്വന്നു തരും .

അതിന്റെ കാലുകൊണ്ടുള്ള ഇറുക്കൽ കിട്ടുമ്പോൾ അതിനെ കൊന്നു കോഴിക്ക് തിന്നാൻ കൊടുക്കും,
വീട്ടിൽ നിന്നും 600 മീറ്റർ ദൂരം മാത്രമേ ഭാരതപുഴയിലേക്ക് ദൂരമുള്ളൂ .
ബന്ധുക്കളാരെങ്കിലും വിരുന്നുവന്നാൽ ,രാത്രി ഉപ്പ പീട്യ അടച്ചുവന്നാൽ കുളിക്കാൻ പോകുംപുഴയിലേക്ക്‌ ,അപ്പോൾ എന്നെയും കൂടെ കൂട്ടും .
വെള്ളത്തിലൂടെ അവരൊക്കെ നീന്തികുളിക്കുന്നത് കാണുമ്പോൾ പലപ്പോഴും അസൂയയും ദേഷ്യവും കാരണം ഞാൻ കരയുമ്പോൾ ഉപ്പ എന്നെയും നീന്താൻ പഠിക്കും ,
ഉപ്പയുടെ കൈ വെള്ളയിൽ കിടന്നു വെള്ളത്തിൽ വെറുതെ കൈ കാലിട്ടടിക്കും.

ഉമ്മയുടെ വീട്ടിലേക്ക് പോയാല് അവിടെയുള്ള തോട്ടത്തിലാകും കൂടുതൽ സമയവും ,ആണ്ടിലോരിക്കലേ അവിടെ പോയി കൂടുതൽ താമസിക്കാറുള്ളൂ.
അമ്മാവൻമാരെ വല്യുമ്മ പ്രത്യേകം ട്രെയിനിംഗ് കൊടുത്തിട്ടുണ്ടാകും ,അവനെ വഴക്ക് പറയരുത് ,അടിക്കരുത് എന്നൊക്കെ.

തോട്ടത്തിലെ വെറ്റിലകൃഷിയിലൂടെ നടന്നു അതിന്റെ വള്ളികളൊക്കെ പൊട്ടിക്കും, കശുമാവിൻ ചുവട്ടിലെ താഴെ വീണുകിടക്കുന്ന കശുമാങ്ങകൾ കഴിച്ചു വസ്ത്രത്തിൽ കറയാകും, തോട്ടത്തിലൂടെ ചുമ്മാ ആഭാസം കാണിച്ചുനടക്കുന്ന കോഴികളെ കവുങ്ങിന്റെ ചുവട്ടിൽ വീണുകിടക്കുന്ന അടക്കകൊണ്ട് എറിയും.

കശുവണ്ടികൾ പൊറുക്കി കോരുചേട്ടന്റെ പെട്ടിക്കടയിൽ കൊണ്ടുപോയി വിറ്റു മിട്ടായിവാങ്ങും.
അവിടെയും വലിയ രണ്ടു കുളങ്ങൾ ഉണ്ട് ,ആ പരിസരത്തേക്ക് പോകരുതെന്ന് അമ്മാവൻമാരുടെ കർശനനിർദേശം ഞാൻ അംഗീകരിച്ചിരുന്നു,
പലപ്പോഴും കണ്ണിമാങ്ങ തിന്നു അതിന്റെ കറ വായിൽ ആയി ചുണ്ട് പലപ്പോഴും പൊള്ളുമാമായിരുന്നു ,അതിനു വല്യുമ്മ വെളിച്ചണ്ണ തേച്ചുതരും .

വാഴകളും , വെറ്റിലകൃഷിയും,കവുങ്ങുകളും മറ്റുമരങ്ങൾ കൊണ്ടും നിറഞ്ഞ ആ തോട്ടത്തിൽ സൂര്യപ്രകാശംപോലും വളരെ നാണിച്ചാണ് കടന്നുവരാരുള്ളത് , എല്ലാവരും കുളത്തിൽ നീന്തികുളിക്കുന്നത് കാണുമ്പോൾ എനിക്കും അതുപോലെ കുളിക്കണമെന്ന് ആശയുണ്ടന്കിലും അവരുടെയെല്ലാം ഭീഷണിക്ക് മുന്നിൽ ഞാൻ കീഴടങ്ങും.

ഏഴുമക്കളിൽ ഏറ്റവും ഇളവൻ ആയതുകൊണ്ടാകാം അഞ്ചുസഹോദരിമാരും ജേഷ്ട്ടനും കൂടുതൽ സ്നേഹിച്ചുവഷളാക്കിയത് .
പറമ്പിന്റെ തെക്കേമൂലയിൽ ഒരു കുളമുണ്ടായിരുന്നു,അവിടെ ചെറുപ്പത്തിൽ അവരെല്ലാം കുളിക്കാൻ പോകുമ്പോൾ എന്നെ കൂട്ടില്ല , അതിനുള്ള ദേഷ്യം ഞാൻ പലപ്പോഴും തീർത്തിരുന്നതു അവർക്ക് മാറിയുടുക്കാനുള്ള വസ്ത്രങ്ങളിൽ മൂത്രമൊഴിച്ചു ഞാൻ പ്രതികാരം വീട്ടും.

അതിന്റെ കാരണം അവർ പറയുന്നത് ഞാൻ ഒരിക്കൽ മരിച്ചുജീവിച്ചവനാണ് എന്ന് ,
മൂന്നുവയസ്സ് പ്രായമുള്ളപ്പോൾ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഞാൻ ആ കുളത്തിൽ പോയി,കുറച്ചുകഴിഞ്ഞ് എന്നെ അവർ അന്യേഷിച്ചുനടക്കുന്നു .
പറമ്പിന്റെ ഏതു മൂലയിലാണെങ്കിലും "കുഞ്ഞുട്ടിമോനെ" എന്നു വിളിച്ചാൽ ഞാൻ വിളികേട്ട് ഓടിവരുമായിരുന്നു . അങ്ങിനെയാണ് ഇപ്പോഴും അവർ വിളിക്കുന്നത്‌.
അന്യേശണത്തിനൊടുവിൽ കുളത്തിൽ മുങ്ങിതാഴ്ന്നുപോകുന്ന എന്നെ അവർ കണ്ടെത്തി, അബോധാവസ്ഥയിലായിരുന്ന ഞാൻ പിന്നെ എങ്ങിനെയോ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

അതിനു ശേഷം പിന്നീട് ആ കുളം മണ്ണിട്ട്‌ തൂർത്തുവാഴവെച്ചു. അന്ന് എന്നെ കണ്ടില്ലങ്കിൽ ഇന്നു ഞാൻ മണ്ണിനുവളമായി മാറിയാനെ ..
നിങ്ങൾക്ക് മുഖപുസ്തകത്തിൽ എന്നെ സഹിക്കുകയും വേണ്ടായിരുന്നു . നിങ്ങളുടെ വിധി ,നിങ്ങൾ അനുഭവിക്കുക.

#ഇടശ്ശേരി എന്നത് എന്റെ സ്ഥലമല്ല , ഞങ്ങളുടെ കുടുംബപേരാണ് , അങ്ങിനെയുള്ള ഒരു സ്ഥലമുണ്ടെന്നു കരുതി അവിടെ എന്നെ അന്യേശിക്കേണ്ട

1 അഭിപ്രായ(ങ്ങള്‍):

Manjuthully പറഞ്ഞു...

നല്ല എഴുത്ത് സുഹൃത്തേ ! വായിക്കാൻ തോന്നും അതില്പരം എന്ത് സമ്മാനം ആണ് ഇയാൾക്ക് തരിക ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.